Search

mahonnathan

Slide - Nabinindha

JA slide show
പ്രവാചകനിന്ദ Print E-mail

'സ്വബാഹാഹ്....'
പ്രധാനപ്പെട്ട കാര്യങ്ങളെന്തെങ്കിലും അറിയിക്കാനുണ്ടെങ്കില്‍ അറബികള്‍ വിളിച്ചുപറയുന്ന സംബോധനയാണിത്. തങ്ങളേറ്റവുമിഷ്ടപ്പെടുന്ന മുഹമ്മദി(സ്വ)ന്റെ സ്വരം. സ്വഫാ കുന്നിന് മുകളില്‍ കയറി അദ്ദേഹം വിളിച്ചുകൊണ്ടിരിക്കുകയാണ്.

ഹിജ്റ് ഗോത്രക്കാരേ....
അദിയ്യ് ഗോത്രക്കാരേ...

ഖുറൈശികള്‍ക്കിടയിലെ ഉപഗോത്രങ്ങളെയെല്ലാം പേരെടുത്ത് പറഞ്ഞ് മുഹമ്മദ്(സ്വ) വിളിച്ചു. അവരിലെ പ്രമുഖര്‍ സ്വഫാകുന്നിന്റെ താഴ്വരയിലെത്തി. എത്താനാകാത്തവര്‍ പ്രതിനിധികളെ പറഞ്ഞയച്ചു. സത്യസന്ധനും സദ്‌വൃത്ത്തനും തങ്ങളുടെയെല്ലാം കണ്ണിലുണ്ണിയുമായ മുഹമ്മദിന്(സ്വ) തങ്ങളോട് എന്തുപറയാനുണ്ടെന്ന് അറിയാന്‍ അവരെല്ലാം കാതോര്‍ത്തു.

അവരോട് അദ്ദേഹം ചോദിച്ചു: "ഈ മലയുടെ എതിര്‍വശത്ത് ഒരു വലിയ അശ്വസേന നിങ്ങളെ ആക്രമിക്കാനായി സജ്ജരായി നില്‍ക്കുന്നുവെന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങളത് വിശ്വസിക്കുമോ?'' അവര്‍ ഒരേ സ്വരത്തില്‍ ഉത്തരം പറഞ്ഞു: "തീര്‍ച്ചയായും. കാരണം ഇതിനുമുമ്പ് നീ കളവുപറയുന്നതായി ഞങ്ങളാരും കേട്ടിട്ടില്ലല്ലോ''. മുഹമ്മദ്(സ്വ) തുടര്‍ന്നു: "എങ്കില്‍ മരണാനന്തരജീവിതത്തിലെ വേദനാജനകമായ ശിക്ഷയെക്കുറിച്ച് ഞാനിതാ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. സ്രഷ്ടാവും ഏകനുമായ അല്ലാഹു മാത്രമാണ് ആരാധനക്കര്‍ഹന്‍. അവനെ മാത്രം നിങ്ങള്‍ ആരാധിക്കുകയും ബഹുദൈവാരാധനയെ വര്‍ജ്ജിക്കുകയും ചെയ്യുക''.

ജനം ഞെട്ടി. തങ്ങളുടെ പിതാക്കളുടെ വിശ്വാസങ്ങള്‍ക്കെതിരായ സംഗതികളാണ് മുഹമ്മദ് പറയുന്നത്. തങ്ങളുടെ എല്ലാമെല്ലാമായ ദൈവങ്ങളെയെല്ലാംകൈയ്യൊഴിക്കാനാണ് മുഹമ്മദ് ആജ്ഞാപിക്കുന്നത്. ഇന്നലെവരെ തങ്ങളുടെയെല്ലാം പ്രിയങ്കരനായിരുന്ന മുഹമ്മദിനെ ഉപേക്ഷിക്കണമോ പിതൃസമ്പത്തായി ലഭിച്ചിരിക്കുന്ന വിശ്വാസങ്ങളെ കൈയ്യൊഴിക്കണമോ? എന്താണ് വേണ്ടതെന്ന് അവര്‍ ചിന്തിച്ചു. എങ്ങും നിശബ്ദത.

ഈ നിശബ്ദതയെ ഭേദിച്ചുകൊണ്ട് മുഹമ്മദിന്റെ പിതൃവ്യരില്‍ ഒരാളായ അബൂലഹബിന്റെ ശബ്ദമുയര്‍ന്നു: "നിനക്ക് നാശമുണ്ടാകട്ടെ! ഇതിനുവേണ്ടിയായിരുന്നോ നീ ഞങ്ങളെ വിളിച്ചുകൂട്ടിയത്?''

അന്തിമപ്രവാചകനോടുള്ള സമൂഹത്തിന്റെ എതിര്‍പ്പിന്റെ ഉദ്ഘാടനം കൂടിയായിരുന്നു അത്; ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രവാചകനിന്ദയുടെ ആരംഭവും!

അബൂലഹബിന്റെ ശാപവചനങ്ങള്‍ക്ക് മറുപടി പറഞ്ഞത് അല്ലാഹുവാണ്. നബിനിന്ദയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച അയാളെ ശപിച്ചുകൊണ്ട് സര്‍വശക്തന്‍ ഖുര്‍ആനിലെ നൂറ്റിപ്പതിനൊന്നാമത്തെ അധ്യായം അവതരിപ്പിച്ചു. അതിന്റെ സാരമിങ്ങനെയാണ്:
"അബൂലഹബിന്റെ ഇരുകൈകളും നശിച്ചിരിക്കുന്നു. അവന്‍ നാശമടയുകയും ചെയ്തിരിക്കുന്നു. അവന്റെ ധനമോ അവന്‍ സമ്പാദിച്ചുവെച്ചതോ അവനു ഉപകാരപ്പെട്ടില്ല. തീജ്വാലകളുള്ള നരകാഗ്നിയില്‍ അവന്‍ പ്രവേശിക്കുന്നതാണ്; വിറകുചുമട്ടുകാരിയായ അവന്റെ ഭാര്യയും. അവളുടെ കഴുത്തില്‍ ഈന്തപ്പനനാരുകൊണ്ടുള്ള ഒരു കയറുണ്ടായിരിക്കും.'' (ഖുര്‍ആന്‍ 111:1-5)

നബി(സ്വ)യെ അപഹസിക്കുകയും അക്രമിക്കുകയും പീഢിപ്പിക്കുകയും ചെയ്യുന്നതിന് തുടക്കം കുറിച്ച അബൂലഹബിന്റെയും ഭാര്യ ഉമ്മു ജമീലിന്റെയും ദുഷ്ചെയ്തികളെ കഠിനമായി എതിര്‍ക്കുന്ന ഖുര്‍ആന്‍ വചനങ്ങള്‍! അന്നുമുതല്‍ ഇന്നുവരെയുള്ള കോടിക്കണക്കിന് മുസ്ലിംകളുടെ നാവുകളിലൂടെ ദൈവികമായ ഈ ശാപവചനങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. അവസാനനാളുവരെ ഇതു തുടരും! നബിനിന്ദയുടെ തുടക്കക്കാരന് ലഭിക്കേണ്ട ശിക്ഷ തന്നെ!

"അബൂലഹബിന്റെ ഇരുകൈകളും നശിക്കട്ടെ! അവന്‍ നശിച്ചിരിക്കുന്നു!''
ഈ വചനങ്ങള്‍ അവതരിക്കപ്പെട്ട് ഒന്നരപതിറ്റാണ്ടുകള്‍ കഴിഞ്ഞാണ് അബൂലഹബ് ആളുകളെല്ലാം വെറുക്കുന്ന ഒരു വികൃതരോഗം ബാധിച്ച് മരണപ്പെട്ടത്. ഒന്നരപ്പതിറ്റാണ്ടുകള്‍ക്കിടയില്‍ ജീവിച്ച മുസ്ലിംകളെല്ലാം അബൂലഹബിനെ ശപിച്ചുകൊണ്ടുള്ള ഈ ഖുര്‍ആന്‍ സൂക്തങ്ങള്‍ ആവര്‍ത്തിച്ച് പാരായണം ചെയ്തുകൊണ്ടിരുന്നു. അവരില്‍ വീരശൂരപരാക്രമികളായ ഉമര്‍ ഖത്താബിനെയും ഹംസയേയും അലിയേയും പോലെയുള്ള പ്രവാചകാനുചരന്‍മാരുണ്ടായിരുന്നു. സര്‍വശക്തന്‍ ശപിച്ച അബൂലഹബിനെ വകവരുത്തുവാന്‍ അവരോടൊന്നും നബി(സ്വ) ആവശ്യപ്പെട്ടില്ല; കാരുണ്യത്തിന്റെ പ്രവാചകനായ മുഹമ്മദ് നബി(സ്വ)യില്‍ നിന്ന് മതം പഠിച്ച അവരൊന്നും തന്നെ ശപിക്കപ്പെട്ടതെന്ന് പടച്ചവന്‍ പറഞ്ഞ അബൂലഹബിന്റെ കൈകള്‍ മുറിച്ച് നബിനിന്ദക്ക് പ്രതികാരം ചെയ്യുവാന്‍ ഒരുമ്പെട്ടില്ല. ശാപവാക്കുകളും ആരോപണങ്ങളും അപഹാസങ്ങളും പീഢനങ്ങളുമായി അബൂലഹബ് പ്രവാചകനോടൊപ്പം മക്കയില്‍ ജീവിച്ചു. സര്‍വശക്തനയ അല്ലാഹുവില്‍ നിന്നുള്ള ശാപവചനങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ട് മുഹമ്മദ് നബി(സ്വ)യും അനുചരന്‍മാരും അയാളോടൊപ്പം മക്കയില്‍ തന്നെ കഴിച്ചു കൂട്ടി. അല്ലാഹുവില്‍ അചഞ്ചലമായി വിശ്വസിച്ച അവര്‍ പ്രതികാരം അല്ലാഹുവിലേക്ക് മാറ്റിവെച്ചു. മരണാനന്തര ജീവിതത്തില്‍ അയാളും ഭാര്യയും അനുഭവിക്കേണ്ടിവരുന്ന ശിക്ഷയെക്കുറിച്ച അല്ലാഹുവിന്റെ മുന്നറിയിപ്പില്‍ അവര്‍ വിശ്വാസമര്‍പ്പിച്ചു. പ്രവാചകന്‍(സ)യും അനുചരന്‍മാരും ആദര്‍ശപ്രബോധനവുമായി മുന്നേറി; അബൂലഹബും കൂട്ടരും അപവാദപ്രചാരണവുമായി പിന്നില്‍ കൂടിയെങ്കിലും പ്രവാചകന്റെ ജീവിതവും അദ്ദേഹത്തിലൂടെ അവതരിപ്പിക്കപ്പെട്ട ആദര്‍ശവും പഠിച്ച് ആളുകള്‍ മുസ്ലിംകളായിക്കൊണ്ടിരിക്കുന്നതിന് തടയിടുവാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

ആരോപണങ്ങള്‍ക്കും അപഹാസങ്ങള്‍ക്കും മറുപടി പറയേണ്ടത് ആയുധങ്ങള്‍ കൊണ്ടല്ല, ആദര്‍ശപ്രബോധനം കൊണ്ടാണെന്ന് പഠിപ്പിക്കുന്നതാണ് അബൂലഹബിന്റെ അയല്‍വാസിയായുള്ള പ്രവാചകന്‍(സ്വ)യുടെ പതിമൂന്ന് കൊല്ലത്തെ ജീവിതവും ഹിജ്റക്കു ശേഷം അയാള്‍ രോഗിയായി മരിക്കുന്നതുവരെയുള്ള രണ്ടു വര്‍ഷക്കാലവുമെന്നതാണ് വസ്തുത.

മക്കയിലെ ഉജ്ജ്വലപ്രഭാഷകനായിരുന്നു സുഹൈല്‍ ബ്നു അംറ്. സ്ഫുടമായ അറബിഭാഷയില്‍ യുക്തിയുടെ ചട്ടുകത്തില്‍ ചുട്ടെടുത്ത പ്രയോഗങ്ങള്‍ ചടുലമായ പ്രഭാഷണചാരുതയോടെ അവതരിപ്പിച്ച് ചന്തയില്‍ എത്തുന്നവര്‍ക്കിടയില്‍ നബി(സ്വ)യെയും ഇസ്ലാമിനെയും അപഹസിക്കുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്. നീണ്ട പതിനഞ്ച് വര്‍ഷക്കാലത്തെ ഈ പരിഹാസപ്രയോഗങ്ങള്‍ക്ക് അന്ത്യം കുറിക്കുവാന്‍ മുസ്ലിംകള്‍ക്ക് അനിതരമായ ഒരു അവസരമുണ്ടായി. ബദ്ര്‍ യുദ്ധത്തില്‍ പിടിക്കപ്പെട്ട അമ്പത് ബന്ദികളില്‍ ഒരാള്‍ സുഹൈല്‍ ബ്നു അംറ് ആയിരുന്നു. അദ്ദേഹത്തെ വധിച്ചുകൊണ്ട് ഒന്നര പതിറ്റാണ്ടായി തുടര്‍ന്നുവരുന്ന നബിനിന്ദയ്ക്ക് അറുതിവരുത്തുവാന്‍ മുഹമ്മദ് നബി(സ്വ)ക്ക് കഴിയുമായിരുന്നു; അദ്ദേഹം അത് ചെയ്തില്ല. സ്വതന്ത്രരാക്കപ്പെട്ട നാല്‍പത്തിയെട്ട് യുദ്ധത്തടവുകാരിലൊരാളായി സുഹൈല്‍ ബ്നു അംറിനെയും പരിഗണിക്കുമ്പോള്‍ അയാള്‍ മക്കയില്‍ ചെന്ന് പഴയ രൂപത്തില്‍ തന്നെയുള്ള നബിനിന്ദയും അപഹാസപ്രഭാഷണങ്ങളും തുടരുവാന്‍ സാധ്യതയുണ്ടെന്നു പോലും മുഹമ്മദ് നബി(സ്വ) പരിഗണിച്ചില്ല. അയാളെ സ്വതന്ത്രനാക്കുന്നത് ഇഷ്ടപ്പെടാത്ത ഉമര്‍ പ്രവാചകനോട് പറഞ്ഞു: "തിരുദൂതരേ, സുഹൈലിന്റെ മുന്‍നിരയിലെ രണ്ടു പല്ലുകള്‍ തട്ടിക്കളഞ്ഞാലും. എന്നാല്‍ ഇനിയൊരിക്കലും അയാള്‍ താങ്കള്‍ക്കെതിരെ വാചാലനാവുകയില്ല.''

ഉമറിന്റെഅഭ്യര്‍ത്ഥന നിരസിച്ചുകൊണ്ട് കാരുണ്യത്തിന്റെ പ്രവാചകന്‍ പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്: "പാടില്ല, ഉമര്‍! ഉയിര്‍ത്തെഴുന്നേല്‍പ് നാളില്‍ ഞാനും അങ്ങനെ അംഗഭംഗം വരുത്തപ്പെടുന്നത് ഞാന്‍ ഭയപ്പെടുന്നു... താങ്കളെ സന്തോഷിപ്പിക്കുന്ന ഒരു നിലപാട് നാളെ സുഹൈല്‍ എടുത്തുകൂടായ്കയില്ല, ഉമര്‍.''

പ്രവാചകന്റെ(സ) പ്രവചനം പൂര്‍ത്തിയാവാന്‍ പിന്നെയും ആറു വര്‍ഷങ്ങളെടുത്തു. അതിനിടയില്‍ നടന്ന ഹുദൈബിയ്യാ സന്ധിയില്‍ ഖുറൈശികളെ പ്രതിനിധീകരിച്ചുകൊണ്ട് സംഭാഷണങ്ങളിലേര്‍പ്പെട്ടത് സുഹൈലുബ്നു അംറായിരുന്നു. അന്നും മുസ്ലിംകളെ പരമാവധി പ്രകോപിപ്പിക്കുവാന്‍ ശ്രമിച്ചു അദ്ദേഹം. ഹിജ്റ എട്ടാം വര്‍ഷത്തില്‍ നടന്ന മക്കാവിജയത്തിന്റെ സന്ദര്‍ഭത്തിലും, മക്കാ മുഷ് രിക്കുകളെ പ്രതിനിധീകരിച്ചത് അദ്ദേഹം തന്നെയായിരുന്നു. തന്നെ പീഢിപ്പിക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്ത മക്കയിലെ ബഹുദൈവാരാധകര്‍ക്ക് മാപ്പു നല്‍കിയ മുഹമ്മദ് നബി(സ്വ)യുടെ നടപടിയാണ് അദ്ദേഹത്തെ ചിന്തിപ്പിച്ചത്. ഇസ്ലാമിനെക്കുറിച്ച് പഠിച്ച അദ്ദേഹം പ്രവാചകവിയോഗത്തിനു മുമ്പുതന്നെ മുസ്ലിമായി. അതിനുശേഷം നടന്ന യുദ്ധങ്ങളിലെല്ലാം മുസ്ലിംപക്ഷത്തെ നിറഞ്ഞ സാന്നിധ്യമായി സുഹൈല്‍ മാറി. പ്രവാചകനിന്ദയ്ക്കു വേണ്ടി ഉപയോഗിച്ചിരുന്ന തന്റെ പ്രഭാഷണപാടവം പിന്നെ മുഹമ്മദ് നബി(സ്വ)യെ സത്യസന്ധമായി പരിചയപ്പെടുത്തുവാനും നബിനിന്ദയ്ക്ക് മറുപടി പറയാനുമാണ് ഉപയോഗിച്ചത്. ഉമറിനെ സന്തോഷിപ്പിക്കുന്ന നിലപാട് തന്നെയായിരുന്നു അദ്ദേഹത്തിന്റേത്. തന്റെ ഭരണകാലത്ത് മക്കയിലെ മുസ്ലിംകളെ ആദര്‍ശബദ്ധരാക്കുകയും സമരമാര്‍ഗത്തില്‍ സജ്ജരാകുവാന്‍ ആവേശം കൊള്ളിക്കുകയും ചെയ്തുകൊണ്ട് സുഹൈലുബിന്‍ അംറ് നടത്തിയ ഉജ്ജ്വലമായൊരു പ്രഭാഷണത്തെക്കുറിച്ച് മദീനയില്‍ നിന്നറിഞ്ഞ ഉമര്‍ മുഹമ്മദ് നബി(സ്വ)യുടെ പ്രവചനത്തെക്കുറിച്ചോര്‍ത്ത് ചിരിക്കുകയും അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തതായി ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തുന്നു. യര്‍മൂക്ക് യുദ്ധത്തില്‍ നിന്ന് തിരിച്ചു പോരാതെ രക്തസാക്ഷിത്വം വരെ പോരാടി പ്രവാചക പ്രവചനത്തെ സാര്‍ത്ഥകമാക്കി, സുഹൈലു ബ്നു അംറ്.

നബിനിന്ദയോടുള്ള മുസ്ലിംപ്രതികരണമെന്തായിരിക്കണമെന്ന് വ്യക്തമായി പഠിപ്പിക്കുന്നതാണ് സുഹൈലുബ്നു അംറിനാടുള്ള പ്രവാചകന്(സ) യുടെയും അനുചരന്‍മാരുടെയും സമീപനം. അദ്ദേഹത്തെ വധിക്കുവാനും അംഗവിച്ഛേദം നടത്തുവാനും അവസരങ്ങളുണ്ടായിട്ടും അതൊന്നും ചെയ്യാതെ കാരുണ്യാധിഷ്ഠിതമായ സമീപനങ്ങള്‍കൊണ്ട് ആ മനസ്സിനെ നേടിയെടുക്കുകയും അദ്ദേഹത്തിന്റെ കഴിവുകള്‍ ഇസ്ലാമികപ്രബോധനത്തിന് ഉപയുക്തമാക്കുകയുമാണ് മുഹമ്മദ് നബി(സ്വ) ചെയ്തത്. നബിസ്നേഹത്തിന്റെ പേരില്‍ നബിനിന്ദകരുടെ കൈമുറിക്കാന്‍ ഒരുങ്ങിപ്പുറപ്പെടുന്നവര്‍ക്ക് "ഉയിര്‍ത്തെഴുന്നേല്‍പ് നാളില്‍ ഞാനും അങ്ങനെ അംഗഭംഗം വരുത്തപ്പെടുന്നത് ഞാന്‍ ഭയപ്പെടുന്നു''വെന്ന നബി(സ്വ)യുടെ മുന്നറിയിപ്പ് പാഠമാകേണ്ടതാണ്. ഉയര്‍ത്തെഴുന്നേല്‍പ്പില്‍ വിശ്വസിക്കുകയും വിചാരണയെ ഭയപ്പെടുകയും നരകത്തില്‍ നിന്നുള്ള രക്ഷയും സ്വര്‍ഗപ്രവേശവും ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്കൊന്നും അന്യരുടെ അംഗഭംഗം നടത്തി ഇസ്ലാമിന്റെ അഭിമാനം സംരക്ഷിക്കുന്നുവെന്ന് അവകാശപ്പെടുന്നവരുടെ ക്രൂരതയ്ക്ക് കൂട്ടുനില്‍ക്കാനാവില്ല, തീര്‍ച്ച.

പ്രവാചകനിന്ദയും അതോടനുബന്ധിച്ച പ്രതികരണങ്ങളുമുണ്ടാകുമ്പോള്‍ മുഹമ്മദ് നബി (സ) വീണ്ടും വീണ്ടും ചര്‍ച്ചചെയ്യപ്പെടുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ഡാനിഷ് കാര്‍ട്ടുണിന്റെ പേരില്‍ പ്രവാചകന്റെ ജീവിതം വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടത്. സ്വിറ്റ്സര്‍ലാന്റിലെ മുസ്ലിം പള്ളികള്‍ക്കുനേരെയുള്ള ക്യാമ്പയിനോടനുബന്ധിച്ചും (ആന്റി മിനാരെറ്റ് ക്യാമ്പയിന്‍) ഫ്രാന്‍സിലെ ശിരോവസ്ത്ര നിരോധത്തോടനുബന്ധിച്ചുമെല്ലാം അന്തിമപ്രവാചകന്റെ ജീവിതം തലനാരിഴകീറി ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്. പ്രസ്തുത ചര്‍ച്ചകളുടെയെല്ലാം ആത്യന്തികമായ ഫലം കുറേയേറെ പേര്‍ക്ക് ഇസ്ലാമിനെ കുറിച്ച് ഗൗരവതരമായി പഠിക്കുവാന്‍ അവസരമുണ്ടായി എന്നതായിരുന്നു. പ്രസ്തുത പഠനം പലരെയും ഇസ്ലാമിന്റെ അനുയായികളും മുഹമ്മദ് നബിയുടെ സ്തുതിപാടകരുമാക്കിത്തീര്‍ത്തുവെന്നത് അതിന്റെ ബാക്കിപത്രം. സ്വിറ്റ്സര്‍ലാന്റിലെ ആന്റിമിനാരറ്റ് ക്യാമ്പയിന്‍ സംഘാടകരിലൊരാളായിരുന്ന ഡാനിയല്‍ സ്ട്രീക്ക് ഇതിലെ അവസാനത്തെ ഉദാഹരണമാണ്. ഇസ്ലാം പ്രാകൃതമായ ആദര്‍ശവും മുഹമ്മദ് നബി(സ്വ) ആധുനികതക്ക് അനുയോജ്യനുമല്ലാത്തതിനാല്‍ ഇസ്ലാമികാദര്‍ശത്തെ പ്രതിനിധീകരിക്കുന്ന പള്ളികള്‍ക്ക് സ്വിറ്റ്സര്‍ലാന്റില്‍ അനുമതി കൊടുക്കരുതെന്ന് വാദിച്ച സ്വിസ് പീപ്പിള്‍സ് പാര്‍ട്ടിയുടെ സംഘാടക പ്രമുഖനും ക്രൈസ്തവ മിഷനറിയുമായിരുന്ന ഡാനിയല്‍ സ്ട്രീക്ക് ഇപ്പോള്‍ സ്വിറ്റ്സര്‍ലാന്റിലെ അഞ്ചാമത്തെ മുസ്ലിം പള്ളിയും പ്രബോധനകേന്ദ്രവും പണിയുന്നതിനായുള്ള പ്രയത്നത്തിലാണ്.

മലയാളത്തില്‍ നബിവിമര്‍ശനങ്ങള്‍ ഉണ്ടാവാറുണ്ടെങ്കിലും, മുഹമ്മദ് നബി(സ്വ)യെ നിന്ദിക്കുകയും തെറിപറയുകയും ചെയ്യുന്ന രചനകള്‍ മറ്റു മതവിശ്വാസികളില്‍ നിന്ന് പൊതുവെ ഉണ്ടാവാറുണ്ടായിരുന്നില്ല. മതപ്രചാരണവും പ്രബോധനവും വിമര്‍ശനങ്ങളുമെല്ലാം നടക്കാറുണ്ടെങ്കിലും മറ്റുമതവിശ്വാസികള്‍ ആദരിക്കുന്നവരെ തെറിപറയുകയും ഭല്‍സിക്കുകയും ചെയ്യാതെ മാന്യത പുലര്‍ത്തുകയാണ് പൊതുവെ എല്ലാവരും ചെയ്തുവരാറുള്ളത്. തൊടുപുഴയിലെ ഒരു ക്രൈസ്തവകലാലയം ബി.കോം പരീക്ഷക്കുവേണ്ടി തയ്യാറാക്കിയ ചോദ്യക്കടലാസില്‍ വന്ന മുഹമ്മദും ദൈവവും തമ്മില്‍ നടത്തുന്ന സംഭാഷണശകലവും ചുങ്കപ്പാറയിലെ ക്രൈസ്തവ മിഷനറിമാര്‍ വിതരണം ചെയ്ത 123 പുറങ്ങളുള്ള പുസ്തകവും മതവിശ്വാസികള്‍ പുലര്‍ത്തിപ്പോരുന്ന ഈ മാന്യത കാറ്റില്‍ പറത്തുക മാത്രമല്ല ചെയ്തിരിക്കുന്നത്, പ്രത്യുത കോടിക്കണക്കിന് സത്യവിശ്വാസികള്‍ സ്വന്തം ജീവനേക്കാള്‍ സ്നേഹിക്കുന്ന മുഹമ്മദ് നബിയെ നികൃഷ്ടമായി നിന്ദിക്കുകയും വൃത്തിക്കെട്ട രീതിയില്‍ അഭിശംസിക്കുകയും യാതൊരു വിധ അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങള്‍ ഉയര്‍ത്തുകയുമാണ്. മതനിരപേക്ഷതയുടെ കടയ്ക്കല്‍ കത്തി വെക്കുന്നതാണ് ഈ പ്രവര്‍ത്തനങ്ങള്‍. അതുകൊണ്ട് തന്നെ ഇതൊരു കേവല മുസ്ലിം പ്രശ്നമല്ല, മതനിരപേക്ഷതയെ വെല്ലുവിളിക്കുകയും ഛിദ്രതയുണ്ടാക്കുകയും ചെയ്യുകയെന്ന നിഗൂഢ പദ്ധതിയാണ്. അതുകൊണ്ടുതന്നെ കുറ്റവാളികളെ നിയമപരമായി നേരിടുകയും മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യണം. സമൂഹത്തില്‍ ഛിദ്രതയും കുഴപ്പങ്ങളും കലാപങ്ങളുമുണ്ടാക്കുന്നതിന് ബീജാവാപം ചെയ്യുവാന്‍ സാമൂഹ്യദ്രോഹികളെ അനുവദിക്കില്ല എന്ന് പറയാന്‍ കേരളീയ പൊതുസമൂഹം തയ്യാറായത് മാതൃകാപരമായി. വിശ്വാസികള്‍ തമ്മിലുള്ള സൌഹൃദവും മതപ്രബോധനത്തിനുള്ള സ്വാതന്ത്ര്യവും നിലനില്‍ക്കണമെങ്കില്‍ ഇത്തരം സാമൂഹ്യവിരുദ്ധര്‍ക്കെതിരെ എല്ലാ മനുഷ്യസ്നേഹികളും കൈ കോര്‍ക്കേണ്ടതുണ്ട്. ഏതെങ്കിലും ഒരു മതവിഭാഗമല്ല, എല്ലാവരും ഒറ്റക്കെട്ടായാണ് ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കേണ്ടത്.

നബിനിന്ദകര്‍ക്കെതിരെ വളരെ മാന്യമായാണ് കേരളീയ സമൂഹം നിലകൊണ്ടത്. നിയമപാലകന്മാര്‍ പെട്ടെന്നു തന്നെ നടപടികളെടുക്കുകയും നബിനിന്ദകര്‍ക്ക് തുടര്‍നീക്കങ്ങള്‍ നടത്താന്‍ സാധ്യമല്ലാത്ത അവസ്ഥ സംജാതമാവുകയും ചെയ്തു. കോടതികള്‍ ശക്തമായ ഭാഷയില്‍ തന്നെ നബിനിന്ദകരെ താകീത് ചെയ്തു. നബിനിന്ദാപുസ്തകം നിരോധിക്കുവാനും ചോദ്യപേപ്പര്‍ തയ്യാറാക്കിയ കലാലയത്തിനും അധ്യാപകനുമെതിരെ നടപടികള്‍ സ്വീകരിക്കുവാനും സര്‍ക്കാര്‍ സന്നദ്ധമായി. കേരളീയ സമൂഹത്തില്‍ നന്മ നിലനിന്നുകാണണമെന്നാഗ്രഹിക്കുന്നവരെല്ലാം ഒറ്റക്കെട്ടായിത്തന്നെ നബിനിന്ദകരെ അപലപിച്ചു. അവര്‍ക്കെതിരെയുള്ള നിയമനടപടികളുമായി നീതിനിര്‍വഹണവിഭാഗം മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഏതാനും ഭീകരന്മാര്‍ ചേര്‍ന്ന് നബിനിന്ദയുടെ ചോദ്യപേപ്പറുണ്ടാക്കിയയാളുടെ കൈ മുറിച്ചത്. പ്രസ്തുത ക്രൂരകൃത്യം അരങ്ങേറിയപ്പോള്‍ അതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ മുസ്ലിം സമൂഹം സന്നദ്ധമായി. കുറ്റവാളികള്‍ ആരാണെങ്കിലും അവര്‍ക്കെതിരെ നീതി പൂര്‍വകമായ നടപടികളെടുക്കണമെന്ന് സമുദായനേതാക്കള്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. നബിനിന്ദയെപ്പോലെത്തന്നെ നികൃഷ്ടമാണ് നിയമം കയ്യിലെടുത്ത് കുഴപ്പം സൃഷ്ടിക്കുന്നതെന്നും അതുകൊണ്ടുതന്നെ കുറ്റവാളികളോട് മൃദുല സമീപനമുണ്ടാകരുതെന്നും പണ്ഡിതന്മാര്‍ സമുദായത്തെ തെര്യപ്പെടുത്തി. സമൂഹത്തില്‍ കുഴപ്പങ്ങളുണ്ടാക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കേരളീയ സമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കുമെന്ന് വ്യക്തമാക്കുന്നതായിത്തീര്‍ന്നു കൈവെട്ട് നികൃഷ്ടതക്കെതിരെയുള്ള പ്രതികരണങ്ങള്‍.

 

Copyright © Muhammednabi.info. All Rights Reserved.

Powered by NICHE OF TRUTH